ഇ സാക്ഷരതയിലുള്ള മുന്നേറ്റവും വളര്‍ച്ചയും ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളുടെ വ്യാപനവും കേരളത്തിലെ ജനങ്ങളെ ഇ-ഗവേണന്‍സി(ഡിജിറ്റല്‍ ഭരണസംവിധാനം)ലൂടെ ലഭ്യമാക്കുന്ന സേവനങ്ങള്‍ പരമാവധി ഉപയോഗിക്കാന്‍ സജ്ജരാക്കിയിട്ടുണ്ട്. ചില പുതിയ ഇ-ഗവേണന്‍സ് സംരംഭങ്ങള്‍ ആരംഭിച്ചും, ജനങ്ങള്‍ക്കായുള്ള എണ്‍പതിലധികം ഇ-ഗവേണന്‍സ് ആപ്ലിക്കേഷനുകള്‍ പുറത്തിറക്കിയുമാണ് സംസ്ഥാന ഗവണ്‍മെന്‍റ് ഇതിനോട് പ്രതികരിച്ചത്.
ഡിജിറ്റല്‍ സാക്ഷരത, ഇ-സേവനങ്ങള്‍ തുടങ്ങിയവയിലൂടെ മുപ്പത് ലക്ഷത്തിലധികം പൗരന്മാരെ ശാക്തീകരിക്കുകവഴി ഇ-ഗവേണന്‍സിന്‍റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായി.
ഡിജിറ്റല്‍ സാര്‍വത്രിക പങ്കാളിത്തം (ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍), വിവരകൈമാറ്റം, ഇ-ഗവേണന്‍സിന്‍റെ വിവിധ പദ്ധതികളിലൂടെ ലഭിക്കുന്ന സേവനങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിലൂടെ ഈ പദ്ധതിയുടെ സാധ്യതകള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താന്‍ പൗരന്മാരെ കേരള ഐടി പ്രാപ്തരാക്കി. വിവര-വിജ്ഞാന സ്രോതസ്സുകളായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാകെ പടര്‍ന്നുകിടക്കുന്നതും, ജനങ്ങള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്നതുമായ 'അക്ഷയ'കേന്ദ്രങ്ങള്‍ വഴിയാണ് വിവരകൈമാറ്റം നടക്കുന്നത്. ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളുടെ കാതലായ സ്റ്റേറ്റ് ഡേറ്റാ സെന്‍ററുകള്‍ വഴിയാണ് ഇ-ഭരണസേവനങ്ങള്‍ ജനങ്ങളിലേക്കെത്തുന്നത്. മൂന്ന് നെറ്റ് വര്‍ക്ക് ഓപറേറ്റിങ്ങ് സെന്‍ററുകള്‍, 14 ജില്ലാ ഭരണകേന്ദ്രങ്ങള്‍, 152 ബ്ലോക്ക് ഭരണകേന്ദ്രങ്ങള്‍, 63 മിനി പോയിന്‍റ്സ് ഓഫ് പ്രസന്‍സ് തുടങ്ങിയവയെ പരസ്പരം കൂട്ടിയിണക്കുന്ന നെറ്റ് വര്‍ക്ക് നെടുംതൂണായ കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ് വര്‍ക്കു(KSWAN)മായാണ് ഈ സ്റ്റേറ്റ് ഡേറ്റാ സെന്‍ററുകള്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്. വിവരകൈമാറ്റത്തെയും പരസ്പരസമ്പര്‍ക്കത്തെയും സഹായിക്കുന്നതിനായി ഏകജാലകസംവിധാനങ്ങളായി പ്രവര്‍ത്തിക്കുന്ന സിറ്റിസണ്‍സ് കോള്‍ സെന്‍ററുകള്‍ വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്‍റുകള്‍, സംഘടനകള്‍, പ്രോജക്ടുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ പ്രദാനം ചെയ്യുന്നു.
ഉയര്‍ന്ന വ്യാപ്തിയിലുള്ള ഡാറ്റാ കൈമാറ്റ സേവനങ്ങളും, തടസ്സമില്ലാത്ത വിവരപ്രവാഹവും പ്രദാനം ചെയ്യുകവഴി നിര്‍ബാധമായ ഡാറ്റാകൈമാറ്റം സാദ്ധ്യമാക്കുന്ന സ്റ്റേറ്റ് സര്‍വീസ് ഡെലിവറി ഗേറ്റ്വേ (SSDG) യെ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്, പൗരന്മാരും ബിസിനസ്സുകളും ഗവണ്‍മെന്‍റ് വകുപ്പുകളും തമ്മിലുള്ള എല്ലാ തരത്തിലുള്ള വ്യവഹാരങ്ങളും സാദ്ധ്യമാക്കുന്ന ഒരു കേന്ദ്രീകൃത സംവിധാനമായാണ്. ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള ഇടപാടുകള്‍ ഇ-ഡിസ്ട്രിക്റ്റിലൂടെ കൂടുതല്‍ ഫലവത്താക്കാന്‍ കഴിഞ്ഞു എന്നതാണ് ഇത്തരം ഒരു സംവിധാനത്തിന്‍റെ നേട്ടം. എല്ലാ ജില്ലകളെയും ഒരു പൊതുവേദിയില്‍ കൊണ്ടുവരികവഴി ഇ-ഡിസ്ട്രിക്റ്റിലൂടെ ഗവണ്‍മെന്‍റിന് നിരവധി ഉന്നത വ്യാപ്തിയിലുള്ള സേവനങ്ങള്‍ ജനങ്ങള്‍ക്ക് പ്രദാനം ചെയ്യാന്‍ കഴിഞ്ഞു. റവന്യൂവകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍, ഓണ്‍ലൈന്‍ ആര്‍.ടി.ഐ., പൊതുപ്രശ്നപരിഹാര സേവനങ്ങള്‍ (Public Grievance Redressal), റവന്യുവകുപ്പുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങള്‍, വിവിധതരം പണമടയ്ക്കല്‍ തുടങ്ങിയവ ഈ സേവനങ്ങളില്‍പ്പെടും. ഏകദേശം 2.40 കോടിയിലേറെ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ഇ-ഡിസ്ട്രിക്ടിലൂടെ സാദ്ധ്യമാക്കി. ഇത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ അധികമാണ്.
ഇന്‍റഗ്രേറ്റഡ് പേഴ്സണല്‍ സര്‍വ്വീസസ് (SPARK), ഇ-ഹെല്‍ത്ത്, ഇ-ഓഫീസ്, ഇ-പ്രോക്യൂര്‍മെന്‍റ് എന്നിവ വിവിധ സേവനങ്ങളെ വേഗത്തിലുള്ളതും മികവുറ്റതും സുതാര്യവും ആക്കാന്‍ സഹായിക്കുന്നു.
ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥരുടെ സേവനങ്ങളില്‍ ഉയര്‍ന്ന സുതാര്യത ഉറപ്പുവരുത്താന്‍ സര്‍വ്വീസ് & പേയ്റോള്‍ അഡ്മിനിസ്ട്രേറ്റീവ് റിപ്പോസിറ്ററി ഫോര്‍ കേരള (SPARK) ഒരു ഇന്‍റഗ്രേറ്റഡ് പേഴ്സണല്‍, പേയ്റോള്‍ ആന്‍റ് അക്കൗണ്‍ഡ്സ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്ന ഒരു ആപ്ലിക്കേഷന്‍ അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്, നിയമങ്ങള്‍ വ്യതിയാനങ്ങളില്ലാതെ നടപ്പാക്കാനും ജീവനക്കാര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാനും സഹായിക്കുന്നു. ഇതിനായി എല്ലാ വകുപ്പുകളിലെയും സേവനമേഖലകളിലെയും ഓരോ ഉദ്യോഗസ്ഥനും തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു പെര്‍മനന്‍റ് എംപ്ലോയ്മെന്‍റ് നമ്പര്‍ (PEN) നല്‍കിയിട്ടുണ്ട്.
കാര്യക്ഷമമായ രീതിയില്‍ ആരോഗ്യസേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിനുള്ള ഒരു ഏകീകൃതമായ ചട്ടക്കൂട് ഇ-ഹെല്‍ത്തിലൂടെ നമുക്കു ലഭിക്കുന്നു. ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട വിവരങ്ങളടങ്ങുന്ന ഒരു കേന്ദ്രീകൃത ഡേറ്റാബേസിനു പുറമേ പ്രാഥമിക, ദ്വിതീയ, ത്രിതീയ ശ്രേണിയിലുള്ള ആരോഗ്യപരിപാലനകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കുന്ന അന്‍പതിനായിരത്തില്‍പ്പരം ഡോക്ടര്‍മാര്‍, പാരാമെഡിക്കുകള്‍, മറ്റു അനുബന്ധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുള്‍ക്കൊള്ളുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഹായകരമാവുന്ന വിവരങ്ങളും ഇ-ഹെല്‍ത്ത് പ്രദാനം ചെയ്യുന്നു.
വിവിധ ഗവണ്‍മെന്‍റ് വകുപ്പുകള്‍, കളക്ടറേറ്റുകള്‍, സബ് കളക്ടറേറ്റുകള്‍, ഡയറക്ടറേറ്റുകള്‍, ലൈന്‍ ഡിപ്പാര്‍ട്ട്മെന്‍റുകള്‍ തുടങ്ങിയ വിവിധ ഓഫീസുകളില്‍ കാര്യക്ഷമതയോടുകൂടിയും വേഗത്തിലും സുതാര്യമായും ഫയലുകള്‍ കൈകാര്യം ചെയ്യാന്‍ ഇ-ഓഫീസ് സഹായിക്കും.
പൊതു സംഭരണ പ്രക്രിയകള്‍ കൂടുതല്‍ സുതാര്യമായും കാര്യക്ഷമതയോടുകൂടിയും നടപ്പാക്കാനും തല്‍സമയ അടിസ്ഥാനത്തില്‍ അവ നിരീക്ഷിക്കാനും ഇ-പ്രോക്യുര്‍മെന്‍റ് സഹായിക്കും.
സമൃദ്ധമായ പ്രതിഭാസാന്നിദ്ധ്യം, ഉന്നത ശ്രേണിയിലുള്ള അടിസ്ഥാനസൗകര്യങ്ങള്‍, സാമുദായിക ഐക്യം തുടങ്ങിയ ഘടകങ്ങളാണ് കേരളത്തെ എല്ലാവരും താല്‍പര്യപ്പെടുന്ന ഒരു ഐടി ലക്ഷ്യസ്ഥാനമാക്കി മാറ്റാന്‍ പ്രാഥമിക കാരണമായത്. ലോകോത്തര ഐടി പാര്‍ക്കുകള്‍, വളര്‍ച്ചയെ സഹായിക്കുന്ന ഇന്‍കുബേറ്ററുകള്‍, പുതിയ സഹകരണങ്ങള്‍ തുടങ്ങിയവ ഒരുക്കിയതിലൂടെ അനുകൂലമായ ഒരു അന്തരീക്ഷമാണ് ഈ ദിശയിലുള്ള ഒരു ചാലകശക്തിയായി വര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ പ്രദാനം ചെയ്യുന്നത്.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയാല്‍ നയിക്കപ്പെടുന്ന വളര്‍ച്ചയും വികസനവും സാദ്ധ്യമാവുന്ന തരത്തിലുള്ള ഒരു ആവാസവ്യവസ്ഥയുടെ നിര്‍മ്മാണം വ്യവസായമേഖലയുടെയും ഗവണ്‍മെന്‍റിന്‍റെയും അക്കാദമിക സമൂഹത്തിന്‍റെയും സഹകരണത്തോടെ നേടിയെടുക്കുക എന്നതാണ് ഇവയിലൂടെ ലക്ഷ്യംവയ്ക്കുന്നത്.
ഹബ്ബ് ആന്‍റ് സ്പോക് മാതൃകയില്‍ അധിഷ്ഠിതമായ ഒരു സമഗ്രവികസനപദ്ധതി കേരളത്തിനുവേണ്ടി സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ടെക്നോപാര്‍ക്ക് (തിരുവനന്തപുരം), ഇന്‍ഫോപാര്‍ക്ക് (കൊച്ചി), സൈബര്‍പാര്‍ക്ക് (കോഴിക്കോട്) തുടങ്ങിയ ഐടി പാര്‍ക്കുകള്‍ ഉള്‍നാടുകളിലുള്ള സാറ്റലൈറ്റ് സെന്‍ററുകളുടെ കേന്ദ്രസ്ഥാനങ്ങളായി പ്രവര്‍ത്തിക്കും.
ടെക്നോപാര്‍ക്ക്, തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ഐടി പാര്‍ക്കുകളില്‍ ഒരെണ്ണവും ലോകത്തിലെതന്നെ ഏറ്റവും ഹരിതാഭയാര്‍ന്ന ടെക്നോപൊലിസുകളില്‍ ഒരെണ്ണവുമാണിത്. കേരളത്തിലെ ആദ്യത്തെ ഐടി പാര്‍ക്കായ ടെക്നോപാര്‍ക്കില്‍ 460 ലധികം കമ്പനികളിലായി 63,000 ത്തില്‍ കൂടുതല്‍ ഐടി വിദഗ്ധര്‍ ജോലി ചെയ്യുന്നു. ടെക്നോപാര്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക
ഇന്‍ഫോപാര്‍ക്ക്, കൊച്ചി: 2004 ല്‍ സ്ഥാപിതമായതിനുശേഷം ഇന്‍ഫോപാര്‍ക്ക് ഐടി ഭീമന്മാരില്‍നിന്നും വന്‍ മുതല്‍മുടക്ക് സ്വീകരിച്ചുകൊണ്ട് അതിവേഗം വളരുകയാണ്. മൊത്തം 260 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഇന്‍ഫോപാര്‍ക്ക് കാമ്പസ്, സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ (SEZ), നോണ്‍-SEZ മേഖല എന്നിങ്ങനെ രണ്ടായി തരംതിരിക്കപ്പെട്ടിരിക്കുകയാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക
സൈബര്‍പാര്‍ക്ക്, കോഴിക്കോട്: ആഗോള ഐടി/ഐടിഇസ് കമ്പനികളുടെ പ്രത്യേക ആവശ്യങ്ങള്‍ കണക്കിലെടുത്ത് നിര്‍മ്മിച്ച പ്രവര്‍ത്തിസ്ഥലങ്ങള്‍ (work spaces), ധിഷണയോടെ ആസൂത്രണം ചെയ്ത അടിസ്ഥാനസൗകര്യങ്ങള്‍ (intelligent infrastructure), മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന സമ്പൂര്‍ണ്ണ പരിഹാരമാര്‍ഗ്ഗങ്ങള്‍ (end-to-end solutions) എന്നിവ സൈബര്‍പാര്‍ക്ക് പ്രദാനം ചെയ്യുന്നു. വളരെ തന്ത്രപരമായി ആസൂത്രണം ചെയ്തതും, മുന്നോട്ടുള്ള പ്രയാണത്തിനു വ്യക്തമായ രൂപരേഖയുള്ളതും, വളരെ വേഗത്തില്‍ വളരുന്നതുമായ മുതല്‍മുടക്കിനു ഏറ്റവും അനുയോജ്യമായ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മേഖലയിലെ ഒരു ലക്ഷ്യസ്ഥാനമായാണ് സൈബര്‍പാര്‍ക്ക് അറിയപ്പെടുന്നത്. വെബ്സൈറ്റ് സന്ദര്‍ശിക്കുക
ഈ മൂന്ന് ഐടി പാര്‍ക്കുകളിലുംകൂടി 1 ലക്ഷത്തില്‍പ്പരം ഐടി വിദഗ്ധര്‍ക്ക് തൊഴില്‍ നല്‍കുന്ന 800 ലേറെ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 724 ഏക്കറില്‍ 5 ഘട്ടങ്ങളി(phase)ലായി വ്യാപിച്ചുകിടക്കുന്ന ടെക്നോപാര്‍ക്ക് 9.7 മില്യണ്‍ ചതുരശ്ര അടി നിര്‍മ്മിത വിസ്തൃതി(built-up space)യാണ് കമ്പനികള്‍ക്കായി നല്‍കിയിരിക്കുന്നത്. ഐടി SEZ, ഡി.റ്റി.എ തുടങ്ങിയ മേഖലകളും ഈ കാമ്പസ് ഉള്‍ക്കൊള്ളുന്നുണ്ട്. ഇന്‍ഫോപാര്‍ക്കില്‍ 6 മില്യണ്‍ ചതുരശ്ര അടി നിര്‍മ്മിതവിസ്തൃതി പ്രദാനം ചെയ്യുമ്പോള്‍, സൈബര്‍പാര്‍ക്കില്‍ അത് 8 ലക്ഷം ചതുരശ്രയടിയാണ്. വര്‍ദ്ധിച്ചുവരുന്ന ഐടി കമ്പനികളുടെ ആവശ്യം കണക്കിലെടുത്ത് 2021 ഓടെ എല്ലാ ഐടി പാര്‍ക്കുകളിലും കൂടി 10 മില്യണ്‍ ചതുരശ്രയടി സ്ഥലം കൂടി കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതിയുണ്ട്.
സ്റ്റാര്‍ട്ടപ്പ് അവാസവ്യവസ്ഥയെ (Ecosystem) ശക്തിപ്പെടുത്താനും വ്യവസായവളര്‍ച്ചയെ സഹായിക്കാനും ഉദ്ദേശിച്ചുകൊണ്ട് സംസ്ഥാനത്ത് വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ തന്നെ ആദ്യത്തെ പൊതു-സ്വകാര്യപങ്കാളിത്തത്തോടെയുള്ള ഇന്‍കുബേറ്ററിലൂടെ ലക്ഷ്യമിടുന്നത് 10 കൊല്ലത്തിനുള്ളില്‍ ആയിരം ടെക്നോളജി സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനാണ്. ടെക്നോളജി അധിഷ്ഠിത സംരംഭകത്വത്തിന് മറ്റു സംസ്ഥാനങ്ങള്‍ക്ക് അനുകരിക്കാവുന്ന ഒരു ഉത്തമമാതൃകയായി ഇന്ന് 'സ്റ്റാര്‍ട്ടപ്പ് വില്ലേജ്' മാറിക്കഴിഞ്ഞു. അക്കാദമികരംഗത്തിനു വെളിയിലുള്ള ബിസിനസ് ഇന്‍കുബേറ്റര്‍ എന്ന നിലയില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (KSUM) കൈകളിലാണ് സംസ്ഥാന സ്റ്റാര്‍ട്ടപ്പ് രംഗത്തിന്‍റെ ചുമതല. 2006 ല്‍ സ്ഥാപിതമായതിനുശേഷം, KSUM 132 കമ്പനികള്‍ സ്ഥാപിക്കുന്നതിനുവേണ്ട സഹായം ചെയ്യുകയും, മറ്റു നിരവധി സ്റ്റാര്‍ട്ടപ്പുകളെ നേരിട്ടും വിര്‍ച്വല്‍ തലത്തിലൂടെയും ഹോസ്റ്റ് ചെയ്യുകയും പരിപോഷിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഒരു സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ വളര്‍ത്തിയെടുക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതും KSUM ആണ്.
എല്ലാ പ്രധാനപ്പെട്ട വ്യവസായികളുടെ സംഘടനകളും കേരളത്തെ അതിന്‍റെതന്നെ സാമൂഹ്യ-സാമ്പത്തികഘടന അടിമുടി മാറ്റിമറിക്കാന്‍ പ്രാപ്തിയുള്ള ഒരു ഡിജിറ്റല്‍ ഇന്നവേഷന്‍ ഹബ് ആയി കണക്കാക്കുന്നു. ഈ സംഘടനകള്‍ എല്ലാംതന്നെ കേരളത്തിലെ ഐടി മേഖലയുമായി കൈകോര്‍ത്ത് ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് ആക്കംകൂട്ടാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഇന്‍റര്‍നെറ്റ് & മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (IAMAI) കേരളത്തിലെ 'ആപ്പ് സമ്പദ്ഘടന'യെ പരിപോഷിപ്പിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി യോജിച്ചു പ്രവര്‍ത്തിക്കുകയാണ്. ITeS മേഖലയുടെ മുന്നേറ്റം, മെന്‍ററിങ്ങ്, സംരംഭകത്വം എന്നിവ പരിപോഷിപ്പക്കല്‍, ഒരു വിവര സമ്പദ്ഘടനയുടെ നിര്‍മ്മിതി എന്നിവ സാദ്ധ്യമാക്കാനായി വേറൊരു വശത്ത് സംസ്ഥാനം, NASSCOM മുമായി സഹകരിക്കുകയാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ASEAN, GCC രാജ്യങ്ങളിലേക്ക് അവിടങ്ങളിലെ പ്രാദേശിക സ്ഥാപനങ്ങളുമായി കൂട്ടുകെട്ടിലേര്‍പ്പെടാനും, അതിനുള്ള സാദ്ധ്യതകള്‍ തേടാനുമായി കേരളം സ്ഥിരമായി പ്രതിനിധിസംഘങ്ങളെ അയക്കാറുണ്ട്.
ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളിലും, മറ്റു നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ സംരംഭങ്ങളിലും ശ്രദ്ധയൂന്നുകവഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് മൂന്നു കാര്യങ്ങളാണ്: 2020 യോടുകൂടി ഡിജിറ്റല്‍ വേര്‍തിരിവ് ഇല്ലാതാക്കുക, ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ട ഒരു സമൂഹം സൃഷ്ടിക്കുക, സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ച നേരിടുക.
BPL കുടുംബങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രികള്‍, സ്കൂളുകള്‍ തുടങ്ങിയവയ്ക്ക് ഇന്‍റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കുക എന്ന കേരള സര്‍ക്കാരിന്‍റെ സ്വപ്നപദ്ധതിയുടെ ഏറ്റവും പ്രധാന ഘടകമാണ് കെഫോണ്‍. ഇതിന്‍റെ കീഴില്‍ ഏകദേശം 12 ലക്ഷത്തോളം BPL കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ് കണക്ഷന്‍ പ്രദാനം ചെയ്യാന്‍ ഉദ്ദേശിക്കുന്നു. വ്യാപ്തി വളരെ ഉയര്‍ത്താവുന്ന നെറ്റ് വര്‍ക്ക് അടിസ്ഥാനസൗകര്യമായ കെഫോണ്‍ ആവശ്യത്തിനനുസരിച്ച് സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും 100 mbps വരെയുള്ള ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി ന്യായമായ നിരക്കില്‍ നല്‍കിവരുന്നു. സംസ്ഥാന ഭരണകൂടത്തെ മറ്റു നഗര, ഗ്രാമീണമേഖലകളുമായി ബന്ധിപ്പിക്കുന്നതുവഴി, ഈ നെറ്റ് വര്‍ക്ക് കേരളത്തിലെ ഡിജിറ്റല്‍ അസമത്വം ദൂരീകരിക്കാന്‍ സഹായിക്കുന്നു.
സംസ്ഥാനത്തൊട്ടാകെയുള്ള രണ്ടായിരം വൈഫൈ ഹോട്ട്സ്പോട്ടുകള്‍വഴി സ്കൂളുകള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വീടുകള്‍ തുടങ്ങിയവയിലെ ഉപയോക്താക്കള്‍ക്ക് ഇന്‍ര്‍നെറ്റ് സേവനം ഉറപ്പാക്കുന്നു. വൈഫൈ പദ്ധതിയുടെ കീഴില്‍ ഏകദേശം 30 മില്യണ്‍ ജനങ്ങള്‍ക്ക് സൗജന്യമായി സ്റ്റേറ്റ് ഡേറ്റാ സെന്‍റര്‍ വഴി ലഭ്യമാകുന്ന എല്ലാ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാനും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പ്രാപ്യമാക്കാനും സാധിക്കും. മറ്റുള്ള ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്കായി വിനിയോഗിക്കാന്‍ ഏകദേശം 300MB സൗജന്യ ഡാറ്റ ജനങ്ങള്‍ക്ക് ലഭ്യമാക്കുവാനും ഇതുവഴി കഴിയുന്നുണ്ട്.
ഈ നൈപുണ്യ വികസന പ്ലാറ്റ്ഫോം പ്രത്യേക തൊഴില്‍ വൈദഗ്ധ്യം നേടിയ രണ്ടു ലക്ഷത്തോളം വരുന്ന എന്‍ജിനീയറിങ്ങ് ബിരുദധാരികളുടെ ഒരു ഡേറ്റാബേസ് ആണ്. സംസ്ഥാനത്തെ എന്‍ജിനീയറിങ്ങ് കോളേജുകളെ തിരുവനന്തപുരത്തും കൊച്ചിയിലും, മറ്റിടങ്ങളിലുമുള്ള ഐടി പാര്‍ക്കുകളുമായി ബന്ധിപ്പിക്കുകവഴി എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണ്യം ആര്‍ജ്ജിക്കാനും, വികസിപ്പിക്കാനും, അതുവഴി അവരുടെ തൊഴില്‍സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കുക എന്നതാണ് SDPK യിലൂടെ വിഭാവനം ചെയ്യുന്നത്. കേരള സംസ്ഥാന ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഐടി മിഷന്‍, എപിജെ അബ്ദുള്‍കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി, ICT അക്കാദമി തുടങ്ങിയവ ഈ പ്ലാറ്റ്ഫോമിനുള്ള ആവശ്യമായ സഹായങ്ങള്‍ പ്രദാനം ചെയ്തുവരുന്നു.
കപ്പാസിറ്റി ബില്‍ഡിങ്ങിലൂടെ ലക്ഷ്യമിടുന്നത് ഇ-ഗവേണന്‍സ് പദ്ധതികള്‍ നടപ്പിലാക്കുന്നതിലും അവയെ നിയന്ത്രിക്കുന്നതിലുമുള്ള സങ്കീര്‍ണ്ണതകള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ളതും, ബാഹ്യ ഏജന്‍സികളുടെ മുകളിലുള്ള നമ്മളുടെ ആശ്രയത്വം കുറയ്ക്കാന്‍ സഹായിക്കുന്നുമായ സ്വന്തം (in-house) ഐടി ടീമുകളെ വാര്‍ത്തെടുക്കുക എന്നതാണ്.
സയന്‍സ്, ടെക്നോളജി, മാനേജ്മെന്‍റ് ശാഖകള്‍ക്ക് ഊന്നല്‍ നല്‍കുന്ന പ്രഥമ ശ്രേണിയിലുള്ള ഒരു ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് എക്സലന്‍സ് ആണ് (IIITM-K). ഐടി സഹായത്തോടെയുള്ള പാഠ്യപദ്ധതികളിലൂടെയും മറ്റു അനുബന്ധ സേവനങ്ങളിലൂടെയും കേരളത്തിലാകമാനവും പുറത്തും ഉന്നതവിദ്യാഭ്യാസം എത്തിക്കാനുള്ള ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനം ഈ സ്ഥാപനം നടത്തുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, കമ്പ്യൂട്ടേഷണല്‍ ലിങ്ക്വിസ്റ്റിക്സ്, റിമോട്ട് സെന്‍സിങ്ങ് തുടങ്ങിയ മേഖലകളിലെ ഗവേഷണത്തിന് ഖ്യാതികേട്ട ഓര്‍ഗനൈസേഷനാണ് (IIITM-K). വിദ്യാഭ്യാസ, കാര്‍ഷിക, ഇ-ഗവേണന്‍സ് മേഖലകളിലെ ചില ഐടി സംരംഭങ്ങള്‍ വിഭാവനം ചെയ്യുന്നതിലും, അവ നടപ്പാക്കുന്നിലും ആദ്യമായി മുന്‍കൈ എടുത്ത സ്ഥാപനമാണ് ഇത്.
ഫ്രീ ആന്‍റ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വെയര്‍ മേഖലയില്‍ രാജ്യത്തെയും, ലോകത്തെയുംതന്നെ നയിക്കാനുള്ള ഉത്തരവാദിത്തവും അനുയോജ്യമായ പശ്ചാത്തലവും കേരളത്തിനുണ്ടെന്ന കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ (ICFOSS) എന്ന പരമാധികാര സ്ഥാപനം കെട്ടിപ്പടുത്തത്.ICFOSS ലക്ഷ്യമിടുന്നത് മൂന്നു കാര്യങ്ങളാണ്: ഫ്രീ ആന്‍റ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വെയറിനെ വ്യാപകമായി ഉപയോഗിക്കാനുതകുന്ന രീതിയില്‍ പ്രചരിപ്പിക്കുക; കേരളത്തില്‍ ഇതിനുമുമ്പ് (FOSS) മേഖലയില്‍ നല്‍കിയ സംഭാവനകളെ ഏകീകരിക്കുക; മറ്റു രാജ്യങ്ങള്‍, സമൂഹങ്ങള്‍, സര്‍ക്കാരുകള്‍ തുടങ്ങിയവയുമായി ബന്ധം സ്ഥാപിച്ച് (FOSS) ന്‍റെ പ്രചാരത്തിനായി സഹകരിക്കക.
കേരളത്തിലെ യുവാക്കള്‍ക്ക് സാങ്കേതിക നൈപുണ്യം പ്രദാനം ചെയ്യുന്നതിനും അതുവഴി അവരുടെ തൊഴില്‍സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഒരു സാമൂഹ്യസംരംഭമാണ് ICT അക്കാദമി. ഇതിന്‍റെ പരിശീലനത്തിനുള്ള പാഠ്യപദ്ധതിയെ പ്രധാനമായും സ്വാധീനിക്കുന്നത് വ്യവസായമേഖലയുടെ ശാസ്ത്ര-സാങ്കേതിക ഗവേഷണപദ്ധതികളുമായുള്ള സഹകരണമാണ്. 'ട്രെയിന്‍-ദ-ട്രെയിനര്‍' എന്ന പദ്ധതിയിലൂടെയാണ് ICT അക്കാദമി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിവരുന്നത്. ഇതുപ്രകാരം പരിശീലകന്‍ ആദ്യം സ്വയം പരിശീലനമുറകള്‍ മറ്റൊരാളുടെ മേല്‍നോട്ടത്തില്‍ അഭ്യസിക്കുകയും, പിന്നീട് പരിശീലകന്‍ എന്ന നിലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവ പകര്‍ന്നുനല്‍കുകയും ചെയ്യുന്നു.
ശക്തമായ 'വിവര വ്യവസായ'മേഖല, സംരംഭകത്വരംഗത്തെ പ്രസരിപ്പ്, നൈപുണ്യം നേടിയ ഒരു തൊഴില്‍സേന എന്നിവ ലക്ഷ്യമിട്ടുകൊണ്ടാണ് തിരുവനന്തപുരത്തെ നോളഡ്ജ് സിറ്റി പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസം, ഇന്നവേഷണ്‍, സംരംഭകത്വം തുടങ്ങിയവയ്ക്ക് പിന്തുണ നല്‍കുന്നതിലൂടെയാണ് ഇത് സാദ്ധ്യമാക്കുന്നത്. വിവര-സാങ്കേതികമേഖലയിലെ പൊതു-സ്വകാര്യസ്ഥാപനങ്ങളില്‍ അധിഷ്ഠിതമായ പ്രസരിപ്പുള്ള ഒരു സമ്പദ്വ്യവസ്ഥയുടെ സൃഷ്ടി; ബിസിനസ്, ഗവേഷണ, വിദ്യാഭ്യാസമേഖലകളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള നെറ്റ്വര്‍ക്കുകളുടെ നിര്‍മ്മാണം; സംരംഭകത്വത്തിനുള്ള പ്രോത്സാഹനം തുടങ്ങിയവ ലക്ഷ്യമിട്ട് പുതിയ പന്ഥാവുകള്‍ തിരയുകയാണ് ഇന്ന് തലസ്ഥാനനഗരം. ഈ ഘടകങ്ങള്‍ എല്ലാം ഒത്തുചേര്‍ന്ന് വിവരമേഖലയിലെ ഒരു 'സെന്‍റര്‍ ഓഫ് എക്സലന്‍സാ'യി തിരുനന്തപുരത്തെ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതുമൂലം നഗരം ഇന്ന് പ്രാദേശിയ വിദ്യാഭ്യാസ, വ്യവസായ, സംരംഭകത്വമേഖലകളില്‍ ഒരു പ്രധാനപങ്കുവഹിക്കുകയാണ്.
ഇതിന് അനുയോജ്യമായ രീതിയില്‍ സ്റ്റാര്‍ട്ടപ്പുകള്‍, മറ്റു സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവയുടെ യോജിച്ചുള്ള പ്രവര്‍ത്തനത്തിന് നോളഡ്ജ് സിറ്റി സാക്ഷ്യംവഹിക്കുകയാണ്. വിപ്ലവകരമായ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്ന കാതലായ വികസനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നതുവഴി ഇവര്‍ ജീവിതസാഹചര്യങ്ങള്‍ പുനര്‍നിര്‍വ്വചിക്കുകയും വിവിധ കമ്മ്യൂണിറ്റികളുടെ ഉയര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്യുന്നു. കോഗ്നേറ്റീവ് സയൻസ്, ഐ ഒ ടി, ആർട്ടിഫിസിയൽ ഇന്റലിജെൻസ് ആന്‍റ് ബിഗ് ഡേറ്റാ അനാലിറ്റിക്സ്, സൈബര്‍ സെക്യൂരിറ്റി, ബ്ലോക്ക് ചെയിന്‍ ആന്‍റ് ഫിന്‍ടെക്, സ്പേസ് ആപ്ലിക്കേഷന്‍സ്, ഇലക്ട്രിക് മൊബിലിറ്റി തുടങ്ങിയ നവീന സാങ്കേതികതിക മേഖലകളില്‍ പ്രാപ്തി നേടുന്നതിനുള്ള ശ്രമങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോള്‍ നോളഡ്ജ് സിറ്റി.