വ്യവസായം

 
Industry

ഐടി പാര്‍ക്കുകള്‍

ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയാല്‍ നയിക്കപ്പെടുന്ന വളര്‍ച്ചയും വികസനവും സാദ്ധ്യമാവുന്ന തരത്തിലുള്ള ഒരു ആവാസവ്യവസ്ഥയുടെ നിര്‍മ്മാണം വ്യവസായമേഖലയുടെയും ഗവണ്‍മെന്‍റിന്‍റെയും അക്കാദമിക സമൂഹത്തിന്‍റെയും സഹകരണത്തോടെ നേടിയെടുക്കുക എന്നതാണ് ഇവയിലൂടെ ലക്ഷ്യംവയ്ക്കുന്നത്.

ഹബ്ബ് ആന്‍റ് സ്പോക് മാതൃകയില്‍ അധിഷ്ഠിതമായ ഒരു സമഗ്രവികസനപദ്ധതി കേരളത്തിനുവേണ്ടി സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ടെക്നോപാര്‍ക്ക് (തിരുവനന്തപുരം), ഇന്‍ഫോപാര്‍ക്ക് (കൊച്ചി), സൈബര്‍പാര്‍ക്ക് (കോഴിക്കോട്) തുടങ്ങിയ ഐടി പാര്‍ക്കുകള്‍ ഉള്‍നാടുകളിലുള്ള സാറ്റലൈറ്റ് സെന്‍ററുകളുടെ കേന്ദ്രസ്ഥാനങ്ങളായി പ്രവര്‍ത്തിക്കും.

ടെക്നോപാര്‍ക്ക്, തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ഐടി പാര്‍ക്കുകളില്‍ ഒരെണ്ണവും ലോകത്തിലെതന്നെ ഏറ്റവും ഹരിതാഭയാര്‍ന്ന ടെക്നോപൊലിസുകളില്‍ ഒരെണ്ണവുമാണിത്. കേരളത്തിലെ ആദ്യത്തെ ഐടി പാര്‍ക്കായ ടെക്നോപാര്‍ക്കില്‍ 460 ലധികം കമ്പനികളിലായി 63,000 ത്തില്‍ കൂടുതല്‍ ഐടി വിദഗ്ധര്‍ ജോലി ചെയ്യുന്നു. ടെക്നോപാര്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക 

ഇന്‍ഫോപാര്‍ക്ക്, കൊച്ചി: 2004 ല്‍ സ്ഥാപിതമായതിനുശേഷം ഇന്‍ഫോപാര്‍ക്ക് ഐടി ഭീമന്മാരില്‍നിന്നും വന്‍ മുതല്‍മുടക്ക് സ്വീകരിച്ചുകൊണ്ട് അതിവേഗം വളരുകയാണ്. മൊത്തം 260 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഇന്‍ഫോപാര്‍ക്ക് കാമ്പസ്, സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ (SEZ), നോണ്‍-SEZ മേഖല എന്നിങ്ങനെ രണ്ടായി തരംതിരിക്കപ്പെട്ടിരിക്കുകയാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക 

സൈബര്‍പാര്‍ക്ക്, കോഴിക്കോട്: ആഗോള ഐടി/ഐടിഇസ് കമ്പനികളുടെ പ്രത്യേക ആവശ്യങ്ങള്‍ കണക്കിലെടുത്ത് നിര്‍മ്മിച്ച പ്രവര്‍ത്തിസ്ഥലങ്ങള്‍ (work spaces), ധിഷണയോടെ ആസൂത്രണം ചെയ്ത അടിസ്ഥാനസൗകര്യങ്ങള്‍ (intelligent infrastructure), മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന സമ്പൂര്‍ണ്ണ പരിഹാരമാര്‍ഗ്ഗങ്ങള്‍ (end-to-end solutions) എന്നിവ സൈബര്‍പാര്‍ക്ക് പ്രദാനം ചെയ്യുന്നു. വളരെ തന്ത്രപരമായി ആസൂത്രണം ചെയ്തതും, മുന്നോട്ടുള്ള പ്രയാണത്തിനു വ്യക്തമായ രൂപരേഖയുള്ളതും, വളരെ വേഗത്തില്‍ വളരുന്നതുമായ മുതല്‍മുടക്കിനു ഏറ്റവും അനുയോജ്യമായ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മേഖലയിലെ ഒരു ലക്ഷ്യസ്ഥാനമായാണ് സൈബര്‍പാര്‍ക്ക് അറിയപ്പെടുന്നത്. വെബ്സൈറ്റ് സന്ദര്‍ശിക്കുക 

ഈ മൂന്ന് ഐടി പാര്‍ക്കുകളിലുംകൂടി 1 ലക്ഷത്തില്‍പ്പരം ഐടി വിദഗ്ധര്‍ക്ക് തൊഴില്‍ നല്‍കുന്ന 800 ലേറെ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 724 ഏക്കറില്‍ 5 ഘട്ടങ്ങളി(phase)ലായി വ്യാപിച്ചുകിടക്കുന്ന ടെക്നോപാര്‍ക്ക് 9.7 മില്യണ്‍ ചതുരശ്ര അടി നിര്‍മ്മിത വിസ്തൃതി(built-up space)യാണ് കമ്പനികള്‍ക്കായി നല്‍കിയിരിക്കുന്നത്. ഐടി SEZ, ഡി.റ്റി.എ തുടങ്ങിയ മേഖലകളും ഈ കാമ്പസ് ഉള്‍ക്കൊള്ളുന്നുണ്ട്. ഇന്‍ഫോപാര്‍ക്കില്‍ 6 മില്യണ്‍ ചതുരശ്ര അടി നിര്‍മ്മിതവിസ്തൃതി പ്രദാനം ചെയ്യുമ്പോള്‍, സൈബര്‍പാര്‍ക്കില്‍ അത് 8 ലക്ഷം ചതുരശ്രയടിയാണ്. വര്‍ദ്ധിച്ചുവരുന്ന ഐടി കമ്പനികളുടെ ആവശ്യം കണക്കിലെടുത്ത് 2021 ഓടെ എല്ലാ ഐടി പാര്‍ക്കുകളിലും കൂടി 10 മില്യണ്‍ ചതുരശ്രയടി സ്ഥലം കൂടി കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതിയുണ്ട്.

ഇന്‍കുബേറ്ററുകള്‍

പൊതു-സ്വകാര്യപങ്കാളിത്തത്തോടെ സംരംഭകത്വത്തിന്‍റെയും ഇന്നവേഷന്‍റെയും ഊര്‍ജ്ജം സമൂഹത്തിലുടനീളം പ്രസരിപ്പിക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.

സ്റ്റാര്‍ട്ടപ്പ് അവാസവ്യവസ്ഥയെ (Ecosystem) ശക്തിപ്പെടുത്താനും വ്യവസായവളര്‍ച്ചയെ സഹായിക്കാനും ഉദ്ദേശിച്ചുകൊണ്ട് സംസ്ഥാനത്ത് വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ തന്നെ ആദ്യത്തെ പൊതു-സ്വകാര്യപങ്കാളിത്തത്തോടെയുള്ള ഇന്‍കുബേറ്ററിലൂടെ ലക്ഷ്യമിടുന്നത് 10 കൊല്ലത്തിനുള്ളില്‍ ആയിരം ടെക്നോളജി സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനാണ്. ടെക്നോളജി അധിഷ്ഠിത സംരംഭകത്വത്തിന് മറ്റു സംസ്ഥാനങ്ങള്‍ക്ക് അനുകരിക്കാവുന്ന ഒരു ഉത്തമമാതൃകയായി ഇന്ന് 'സ്റ്റാര്‍ട്ടപ്പ് വില്ലേജ്' മാറിക്കഴിഞ്ഞു. അക്കാദമികരംഗത്തിനു വെളിയിലുള്ള ബിസിനസ് ഇന്‍കുബേറ്റര്‍ എന്ന നിലയില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (KSUM) കൈകളിലാണ് സംസ്ഥാന സ്റ്റാര്‍ട്ടപ്പ് രംഗത്തിന്‍റെ ചുമതല. 2006 ല്‍ സ്ഥാപിതമായതിനുശേഷം, KSUM 132 കമ്പനികള്‍ സ്ഥാപിക്കുന്നതിനുവേണ്ട സഹായം ചെയ്യുകയും, മറ്റു നിരവധി സ്റ്റാര്‍ട്ടപ്പുകളെ നേരിട്ടും വിര്‍ച്വല്‍ തലത്തിലൂടെയും ഹോസ്റ്റ് ചെയ്യുകയും പരിപോഷിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഒരു സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ വളര്‍ത്തിയെടുക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതും KSUM ആണ്.

കൂട്ടുകെട്ടുകളും പരിപോഷണവും (Tie-ups and Promotions)

ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് വേഗത കൂട്ടാന്‍ കൂട്ടുകെട്ടുകളുമായി മുന്നോട്ട് കുതിക്കുന്നു.

എല്ലാ പ്രധാനപ്പെട്ട വ്യവസായികളുടെ സംഘടനകളും കേരളത്തെ അതിന്‍റെതന്നെ സാമൂഹ്യ-സാമ്പത്തികഘടന അടിമുടി മാറ്റിമറിക്കാന്‍ പ്രാപ്തിയുള്ള ഒരു ഡിജിറ്റല്‍ ഇന്നവേഷന്‍ ഹബ് ആയി കണക്കാക്കുന്നു. ഈ സംഘടനകള്‍ എല്ലാംതന്നെ കേരളത്തിലെ ഐടി മേഖലയുമായി കൈകോര്‍ത്ത് ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് ആക്കംകൂട്ടാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഇന്‍റര്‍നെറ്റ് & മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (IAMAI) കേരളത്തിലെ 'ആപ്പ് സമ്പദ്ഘടന'യെ പരിപോഷിപ്പിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി യോജിച്ചു പ്രവര്‍ത്തിക്കുകയാണ്. ITeS മേഖലയുടെ മുന്നേറ്റം, മെന്‍ററിങ്ങ്, സംരംഭകത്വം എന്നിവ പരിപോഷിപ്പക്കല്‍, ഒരു വിവര സമ്പദ്ഘടനയുടെ നിര്‍മ്മിതി എന്നിവ സാദ്ധ്യമാക്കാനായി വേറൊരു വശത്ത് സംസ്ഥാനം, NASSCOM മുമായി സഹകരിക്കുകയാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ASEAN, GCC രാജ്യങ്ങളിലേക്ക് അവിടങ്ങളിലെ പ്രാദേശിക സ്ഥാപനങ്ങളുമായി കൂട്ടുകെട്ടിലേര്‍പ്പെടാനും, അതിനുള്ള സാദ്ധ്യതകള്‍ തേടാനുമായി കേരളം സ്ഥിരമായി പ്രതിനിധിസംഘങ്ങളെ അയക്കാറുണ്ട്.